കൊച്ചി: തനിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. മരണ സ്ഥലത്ത് പോയാൽ പരിചയം ഉള്ള ആളുകളെ കണ്ടാൽ ചിരിക്കുന്നത് ചിലർക്ക് മഹാപരാധം ആണെന്ന് റിനി പറഞ്ഞു. എന്നാൽ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചുവെച്ച് നന്നായി അഭിനയിച്ചാൽ ഡബിൾ ഓക്കെയാണെന്നും കൂടെ നിന്ന് സെൽഫിയും റീലും എടുക്കുമെന്നും റിനി പറയുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടൻ സലിംകുമാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പുതിയ ചർച്ച.

അദ്ദേഹത്തിന്റെ മൃതദേഹം പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ റിനി ആൻ ജോർജ് എത്തിയിരുന്നു. ആ സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് ആളുകളോട് അവർ ചിരിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ എത്തിയിരുന്നു. ഇതോടെ മരണവീട്ടിൽ ചിരിക്കുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ആരംഭിക്കുകയും ചെയ്തു. ഇത്തരം വിഡിയോകളുടെ താഴെ അശ്ലീലവും തെറി പറഞ്ഞുകൊണ്ടുമുള്ള കമന്റുകളാണ് താഴെയുള്ളത്. യുഡിഎഫ് നേതാക്കളെ കാണാൻ വന്നതാണെന്നും മരണവീട്ടിൽ ഇങ്ങനെ ചിരിക്കാമോ എന്നു തുടങ്ങി കമന്റുകളുടെ പ്രളയം ആണ്. അവസരങ്ങൾക്കൊത്ത് പെരുമാറാനറിയില്ലാത്തതാണ് പ്രശ്നമെന്നാണ് ചിലർ കുറിക്കുന്നത്. ഭീഷണയുടേയും അശ്ലീലച്ചുവയുള്ളതുമായ കമന്റുകളും ഉണ്ട്. ഈ സെബർ അധിക്ഷേപങ്ങൾക്കാണ് റിനി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മറുപടി പറഞ്ഞിരിക്കുന്നത്. ഈ കുറിപ്പിന്റെ താഴെയും അശ്ലീല കമന്റുകൾ നിറയുന്നുണ്ട്.


ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
‘ഞാൻ വളരെ ചെറുപ്പം മുതൽ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്…വളരെ ചെറിയ, ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്നം ആണ്…മഹാ അപരാധം ആണ്… ഉദാഹരണത്തിന് കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിജയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ… എന്നാൽ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ… കൂടെ നിന്ന് സെൽഫി എടുക്കൽ, റീൽസ് എടുക്കൽ അങ്ങനെ പലതും കാണാം…നാടകമേ ഉലകം…’























