സൈബർ അധിക്ഷേപ പരാതി; രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ശ്രമിച്ചതാണ് കുറ്റം. സൈബർ പൊലീസാണ് രാഹുൽ ഈശ്വറെ ചോ​ദ്യം ചെയ്യാൻ വിളിപ്പിച്ചത്.

രാഹുൽ ഈശ്വർ ഉൾപ്പെടെ നാലുപേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.
അതേസമയം ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാലക്കാട്ടെ ഫ്‌ളാറ്റിലെ പരിശോധന പൂർത്തിയായി. ഇന്നത്തെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി.