തമിഴ്നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ചു; 12 മരണം, 40 പേർക്ക് പരുക്ക്; പലരുടെയും നില ഗുരുതരം

ചെന്നൈ: ശിവഗംഗ ജില്ലയിലെ കാരൈക്കുടിക്ക് സമീപം രണ്ട് തമിഴ്‌നാട് സർക്കാർ ബസുകൾ കൂട്ടിയിടിച്ച് 12 മരണം. 40 പേർക്ക് പരുക്കേറ്റു. പിള്ളയാർപ്പട്ടിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. ബസുകളിലൊന്ന് തിരുപ്പൂരിൽനിന്ന് കാരൈക്കുടിയിലേക്കും മറ്റൊന്ന് കാരൈക്കുടിയിൽനിന്ന് ദിണ്ടിഗലിലേക്കും പോകുകയായിരുന്നു.

മൃതദേഹങ്ങൾ നിലത്ത് കിടക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോകളിൽ കാണാം. ബസിന്റെ തകർന്ന ഗ്ലാസിന്റെ ഭാഗത്തിലൂടെ ഒരു സ്ത്രീ പുറത്തേക്ക് ചാടുന്നതും മറ്റൊരു സ്ത്രീ രക്തം വാർന്ന് നിലത്ത് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലെത്തിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.