ഡൽഹിയിൽ ടേക്ക് ഓഫിനിടെ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു: ആറു യാത്രക്കാർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വിസ് എയർ (SWISS) വിമാനത്തിന്റെ എൻജിൻ തകരാറിലായി തീപിടിച്ചു. ആറുപേർക്ക് പരിക്കേറ്ററ്റു. ഇതിന് പിന്നാലെ ടേക്ക് ഓഫ് നിർത്തിവെച്ച് വിമാനത്തിൽ നിന്നും അടിയന്തരമായി യാത്രക്കാരെ ഒഴിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടേണ്ടിയിരുന്ന LX147 വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ വെച്ച് തന്നെ എമർജൻസി സ്ലൈഡുകൾ ഉപയോഗിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

പുലർച്ചെ 1.08നാണ് സംഭവം. എയർബസ് A330 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനായി റൺവേയിലൂടെ കുതിക്കുമ്പോഴാണ് വിമാനത്തിന്റെ എൻജിനുകളിൽ ഒന്നിൽ തകരാർ സംഭവിക്കുകയും തീപിടിക്കുകയും ചെയ്തതെന്നും അധികൃതർ അറിയിച്ചു. വിമാനത്തിൽ 228 യാത്രക്കാരും നാല് ശിശുക്കളുമാണ് ഉണ്ടായിരുന്നത്. ക്രൂ അംഗങ്ങൾക്ക് പരിക്കില്ല. വിമാനത്തിന്റെ പൈലറ്റുമാർ സമയോചിതമായി ടേക്ക് ഓഫ് വേണ്ടെന്ന് വെക്കുകയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യാത്രക്കാരെ ഒഴിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു എന്ന് എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ യാത്രക്കാർക്ക് ഹോട്ടൽ താമസസൗകര്യവും തുടർയാത്രയ്ക്കുള്ള ക്രമീകരണങ്ങളും എയർലൈൻ അധികൃതർ ചെയ്തുവരികയാണ്. അപകടത്തിന്റെ കാരണം കണ്ടെത്താൻ സാങ്കേതിക വിദഗ്ധർ ഡൽഹിയിലെത്തി വിമാനം പരിശോധിക്കും.