ഷാഫിക്ക് വിടനൽകി സിനിമാലോകം

കൊച്ചി: അന്തരിച്ച സംവിധായകൻ ഷാഫിക്ക് വിടപറഞ്ഞ് സിനിമാലോകം. മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പൊതുദർശനത്തിൽ നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള സിനിമാപ്രവർത്തകർ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകീട്ട് നാലിന് കലൂർ മുസ്ലിം ജമാഅത്ത് മസ്ജിദ് കബർസ്ഥാനിലാണ് കബറടക്കം.

രാവിലെ ഒമ്പതുമണി മുതലായിരുന്നു ബാങ്ക് ഓഡിറ്റോറിയത്തിലെ പൊതുദർശനം. മമ്മൂട്ടി, രമേശ് പിഷാരടി, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, നമിത പ്രമോദ്, ബാദുഷ, ലാൽ, നാദിർഷ, ബി.ഉണ്ണികൃഷ്ണൻ, പൊന്നമ്മ ബാബു, ബെന്നി പി. നായരമ്പലം തുടങ്ങിയവർ ഇവിടെയെത്തി അന്തിമോപചാരമർപ്പിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ 12.25-ഓടെയായിരുന്നു ഷാഫി(56)യുടെ അന്ത്യം. കല്യാണരാമൻ, മായാവി, ടു കൺട്രീസ് തുടങ്ങിയ ചിരിച്ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ ഹിറ്റ്മേക്കറായ സംവിധായകനാണ് ഷാഫി. എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനാണ് ഷാഫി എന്ന എം.എച്ച്. റഷീദ്. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്.