നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്, നിഷ്കളങ്കമായ സ്നേഹത്തിനുടമ; സലിംകുമാറിന്റെ വിയോഗത്തിൽ മമ്മൂട്ടിയും മോഹൻലാലും

കൊച്ചി: നടൻ സലിം കുമാറിന്റെ വിയോഗത്തിൽ വൈകാരിക പ്രതികരണവുമായി ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം, നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്. തീരാത്ത സങ്കടം ആയി സഹോദരാ നിന്റെ വിയോഗമെന്നാണ് മമ്മൂട്ടി ഫേസ്ബക്ക് കുറിപ്പിൽ വിശദമാക്കുന്നത്.

പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചാണ്‌ പ്രിയപ്പെട്ട സലിംകുമാർ വിട വാങ്ങിയതെന്ന് മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദേഹം അനുശോചനം രേഖപ്പെടുത്തിയത്. ‘ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരൻ. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേർത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ എനിക്ക് സാധിച്ചു. സിനിമയ്ക്ക് അകത്തും പുറത്തും എൻറെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാർ. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന്‌ വേദനയോടെ ആദരാഞ്ജലികൾ’; എന്ന് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.

ഇന്നലെ രാത്രി 10.43ഓടെ അമൃത ആശുപത്രിയിൽവെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

സലിം കുമാറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതിയോടെ നടക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പറവൂരിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം നടക്കുക. പൊലീസ് ബ്യൂഗിൾ സല്യൂട്ട് നൽകും. മരിക്കുമ്പോൾ മതപരമായ ചടങ്ങുകൾ ഒഴിവാക്കി സംസ്‌കരിക്കണമെന്ന് സലിം കുമാർ മുൻപ് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. വീട്ടുവളപ്പിൽ സംസ്‌കരിക്കണമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ചാണ് സംസ്‌കാര ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പറവൂർ ടൗൺ ഹാളിൽ പൊതുദർശനമുണ്ടാകും. മുഖ്യമന്ത്രി വി ഡി സതീശൻ പറവൂരിൽ എത്തി അന്തിമോപചാരമർപ്പിക്കും.