ഏറ്റുമാനൂരിലെ കൂട്ട മരണം; അധിക്ഷേപത്തിൽ പരാതിയുമായി ക്നാനായ സഭ

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിൻറെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതി ജാമ്യത്തിലിറങ്ങിയാൽ കേസ് അന്വേഷണത്തെ ബാധിക്കും. മരിച്ച ഷൈനിയുടെ ഭർത്താവായ നോബി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വേണം. നോബി ലൂക്കോസിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും തെളിവുകൾ ശേഖരിക്കണമെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.

അതേസമയം ഷൈനിയുടെയും മക്കളുടേയും മരണത്തിൽ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ ചാനലുകളിലും അധിക്ഷേപിക്കുകയാണെന്ന് ക്നാനായ സഭ. കോട്ടയം അതിരൂപതയേയും അതിരൂപത അധ്യക്ഷനേയും കാരിത്താസ് ആശുപത്രിയേയും അവളിക്കാൻ ശ്രമം നടക്കുകയാണെന്നാണ് പരാതി. അധിക്ഷേപം നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സഭ കോട്ടയം എസ്പിക്ക് പരാതി നൽകി. ഷൈനിയുടെയും മക്കളുടേയും മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.