മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ദേശീയ ടീമിന്റെയും വിവിധ ഐപിഎൽ ടീമുകളുടെയും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ബംഗാറാണ്, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. ‘അനായ ബംഗാർ’ എന്ന പേരും സ്വീകരിച്ചു.

‘‘കരുത്ത് അൽപം കുറഞ്ഞെങ്കിലും സന്തോഷം വർധിച്ചു. ശരീരം മാറ്റത്തിനു വിധേയമാകുന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഓരോ ചുവടു വയ്ക്കുമ്പോഴും, അത് യഥാർഥ എന്നിലേക്കുള്ള യാത്രയാകുന്നു’ – അനായ എന്ന പേരു സ്വീകരിച്ച ആര്യൻ ബംഗാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.


ഇരുപത്തിമൂന്നുകാരനായ ആര്യൻ, ഹോർമോൺ റീപ്ലേസ്മെന്റ് തെറപ്പിക്കും വിധേയനായി. നിലവിൽ ഇംഗ്ലണ്ടിൽ ജീവിക്കുന്ന ഇവർ, മുൻപ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു. ഈ വർഷം ഓഗസ്റ്റ് 23ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിൽ, ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം അനായ വെളിപ്പെടുത്തിയിരുന്നു. ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്ക് ക്രിക്കറ്റിൽ തുടരാൻ അനുകൂല സാഹചര്യമില്ലാത്തതിനാൽ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും അവർ വെളിപ്പെടുത്തിയിരുന്നു.























