അദ്ഭുതദ്വീപിന്റെ 2–ാം ഭാഗം വിനയൻ സർ അനൗൺസ് ചെയ്തിട്ടുണ്ടെന്ന് നടൻ ഗിന്നസ് പക്രു. അതിൽ ഉണ്ണി മുകുന്ദനും ഞാനും ആണെന്നാണു പറഞ്ഞതെന്നും താരം പറയുന്നു. അന്ന് വലിയ ചാലഞ്ച് ആയിരുന്നു ആ സിനിമ. അപ്പോൾ സ്വാഭാവികമായി ഇന്നത്തെ ടെക്നോളജിയിലേക്കു കൊണ്ടുവരുമ്പോൾ അതിന്റേതായ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. അതിന്റെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. എവിടെ ചെന്നാലും എന്നെ സ്നേഹിക്കുന്നവർ ചോദിക്കുന്ന ചോദ്യമാണ് ‘എന്നാണ് അദ്ഭുതദ്വീപ് 2?’ ആ കഥാപാത്രത്തിനായി ഞാൻ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പക്രു പറഞ്ഞു.

‘ 916 കുഞ്ഞൂട്ടൻ’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും നായകനായി മലയാളത്തിലേക്ക് എത്തുന്ന സന്തോഷത്തിലാണ് ഗിന്നസ് പക്രു. കുഞ്ഞൂട്ടൻ എന്നുള്ള ടൈറ്റിൽ മാത്രമേയുള്ളൂ, അതിനൊരു തിളക്കത്തിനു വേണ്ടിയാണ് 916 ഇട്ടിരിക്കുന്നത്. സാധാരണ നായകൻ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യുന്ന, ഫാമിലി എന്റർടെയ്നർ ആയിട്ടുള്ള എല്ലാ ചേരുവകളും അടങ്ങിയ ഒരു സിനിമയാണിത്. ഇതിനു മുൻപു ഞാൻ ഇങ്ങനെയൊരു കഥാപാത്രം ചെയ്തിട്ടില്ല. ബാക്കി ചെയ്ത സിനിമകളിലെല്ലാം പൊക്കക്കുറവുള്ള ആളിനു മാത്രം ചെയ്യാൻ പറ്റുന്ന കഥാപാത്രമാണ്. എന്റെ മറ്റു കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തമായ കുറച്ചുകൂടി ബോൾഡ്നെസ് ഉള്ള കഥാപാത്രമാണ് കുഞ്ഞൂട്ടൻ എന്നും താരം പറയുന്നു.

























