വരും ദിവസങ്ങളിലും മഴ കനക്കും, ജാഗ്രത

തിരുവനന്തപുരം: കനത്തമഴ തുടരുന്ന കേരളത്തിന്റെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ന്യൂനമർദ്ദം( low pressure) കൂടി രൂപപ്പെട്ടു. അറബിക്കടലിലെ ന്യൂനമർദ്ദത്തിന് പുറമേ ബംഗാൾ ഉൾക്കടലിലാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളിലും സംസ്ഥാനത്ത് കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അറബിക്കടലിൽ മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിലായാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ഇതിന്റെയും കേരളത്തിൽ എത്തിയ കാലവർഷത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് കനത്തമഴയാണ് ലഭിക്കുന്നത്. വടക്കൻ കേരളത്തിലാണ് അതിതീവ്രമഴ തുടരുന്നത്. കനത്തമഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് മറ്റൊരു ന്യൂനമർദ്ദം അറബിക്കടലിൽ രൂപംകൊണ്ടത്. ഇതിന്റെ സ്വാധീനം കൂടി മഴയിൽ പ്രതിഫലിക്കുമെന്നും കാലാവസ്ഥ കേന്ദ്രം കണക്കുകൂട്ടുന്നു. കേരളത്തിലും കർണാടക തീരങ്ങളിലുമാണ് നിലവിൽ ശക്തമായ മഴ ലഭിക്കുന്നത്. പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ തെലങ്കാന, ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങൾ, തമിഴ്‌നാട് എന്നിവിടങ്ങളിലും വരുംദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ഇന്ന് കേരളത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് തീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയാണ് പ്രവചിക്കുന്നത്. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.