നടിയെ അക്രമിച്ച കേസ്: ‘എട്ടരവര്‍ഷം ജയിലില്‍ കിടന്നു, ജാമ്യം അനവദിക്കണമെന്ന് പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. വിചാരണക്കോടതി വിധിയെ തുടര്‍ന്ന് ശിക്ഷ ഭൂരിഭാഗവും അനുഭവിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷന്‍ കോടതിയെ അറിയിച്ചു. എട്ടരവര്‍ഷം ജയിലില്‍ കിടന്നതായും സുനിക്ക് ജാമ്യം നല്‍കിയാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ കേള്‍ക്കുന്നതിന് തടസമാകില്ലെന്നും പള്‍സറിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ അഭിഭാഷകന്റെ വാദത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.

പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ ശിക്ഷ വര്‍ധിപ്പിക്കണമെന്ന അപ്പീല്‍, കോടതി പരിഗണനയിലാണെന്നും അറിയിച്ചു. ഒന്നാം പ്രതി കൊടും ക്രിമിനലാണെന്നും ജാമ്യത്തില്‍ ഇറങ്ങിയാല്‍ നടിയുടെ വീഡിയോ ദൃശ്യം പുറത്തുവരാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇയാള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സുപ്രീം കോടതി ജാമ്യം നല്‍കി ഇറങ്ങി ഒരുമാസമാകും മുന്‍പ് പ്രതി വീണ്ടും മറ്റൊരു കേസില്‍ പ്രതിയായെന്നും പ്രതി സ്ഥിരം കുറ്റവാളിയാണെന്നും സര്‍ക്കാര്‍ വാദിച്ചു.

നടന്നത് ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയെന്നും നടി കോടതിയില്‍ ചൂണ്ടിക്കാട്ടി. ശിക്ഷ മരവിപ്പിച്ചാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും കോടതിയില്‍ വാദിച്ചു. ഇരു കൂട്ടരുടേയും വാദം കേട്ട കോടതി ഉത്തരവിനായി മാറ്റുകയായിരുന്നു. നടിക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് ഹാജരായത്.