ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; 11 മന്ത്രിമാര്‍ തീരുമാനം

തിരുവനന്തപുരം: തിങ്കളാഴ്ച വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറാനിരിക്കെ കോണ്‍ഗ്രസിലെ മന്ത്രിമാര്‍ ഏതാണ്ട് ധാരണയായി. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്നാണ് വിവരം. കോണ്‍ഗ്രസ് മന്ത്രിമാരായി സണ്ണി ജോസഫ്, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, എം ലിജു. ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ എന്നിവരാണ് മന്ത്രി പട്ടികയില്‍ ഇടംപിടിച്ചവര്‍. മറ്റുള്ളവരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പതിനൊന്ന് മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്ന് ഉണ്ടാകും.

ധനവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലയെ കെസി വേണുഗോപാല്‍ വീട്ടിലെത്തി അനുനയിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രിസഭയില്‍ അംഗമാകാനുള്ള തീരുമാനം എടുത്തത്. ലീഗിന് അഞ്ച് മന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് വിവരം. പികെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി, എന്‍ ഷംസുദ്ദീന്‍, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന. പികെ ബഷീറിനെ മന്ത്രിയാക്കുന്ന കാര്യത്തില്‍ ഒരുവിഭാഗം അതൃപ്തി അറിയിച്ചതായാണ് വിവരം.

ലീഗ് നേതാക്കളുമായി വിഡി സതീശന്‍ രാവിലെ തിരുവനന്തപുരത്തെ പാണക്കാട് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കേരള സമൂഹം അര്‍ഹിക്കുന്ന ഭരണാധികാരിയാണ് വിഡി സതീശനെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.