കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ‘കാരണം ഷോർട്ട് സർക്യൂട്ട് അല്ല’, ദുരൂഹത സംശയിച്ച് അന്വേഷണസംഘം

കോഴിക്കോട്: കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ, തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് പ്രാഥമിക നിഗമനം. കാറിനുള്ളിലെ വയറിങ്ങിനും, ഇന്ധന ടാങ്കിനും പ്രശ്‌നങ്ങളില്ല. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ദാരുണ സംഭവം.

ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് ചെറുവണ്ണൂർ കക്കറ മുക്കിലെ റോഡിൽ കത്തിയമർന്നത്. കാറിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് തീ അണച്ച് ഇവരെ പുറത്തെടുത്തത്. എട്ട് മാസം ഗർഭിണിയായിരുന്ന സോന സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭർത്താവ് റിജിൻ ലാൽ അറുപതു ശതമാനം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് കാറിന് തീപിടിച്ചതെന്ന് നാട്ടുകാരൻ പറയുന്നു

സോനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം പാലേരിയിലെ വീട്ടിൽ ഇന്നലെ സംസ്‌കരിച്ചു.