ആലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. വെണ്‍മണി പൂന്തല ഏറംപൊയ്‌മുക്ക് മേലെപുള്ളിയില്‍ ശ്രുതി നിലയത്തില്‍ ദീപ്‌തി (50) ആണ് കൊല്ലപ്പെട്ടത്. ദീപ്‌തിയെ വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം ഭർത്താവ് ഷാജി (62) തൂങ്ങി മരിക്കുകയായിരുന്നു. ആലപ്പുഴ വെണ്‍മണി പൂന്തലയില്‍ ഇന്ന് രാവിലെ ആറേമുക്കാലോടെയാണ് സംഭവം നടന്നത്.

ഇന്ന് രാവിലെയോടെ ഇരുവരും വഴക്കിട്ടിരുന്നു. തുടർന്ന് അടുക്കളയിലേയ്ക്ക് പോയ ദീപ്‌തിയെ പിന്നാലെയെത്തിയ ഷാജി വെട്ടുക്കത്തികൊണ്ട് ആക്രമിച്ചു. ദീപ്‌തിയുടെ കഴുത്തിനാണ് വെട്ടേറ്റത്. നിലവിളികേട്ട് നാട്ടുകാർ എത്തുന്നതിനിടെ ഷാജി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. മക്കളുടെ മുന്നിലായിരുന്നു സംഭവങ്ങള്‍ നടന്നത്. ഇവർക്ക് അഞ്ചും ആറും വയസുള്ള രണ്ട് മക്കളുണ്ട്.