വാഷിങ്ടൻ ഡി.സി: രണ്ടാം ലോകമഹായുദ്ധ സ്മാരകത്തിന് മുന്നിൽ നൃത്തം ചെയ്ത ഇന്ത്യക്കാരൻ നാടുകടത്തൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. നോൺ-ഇമിഗ്രന്റ് വീസയിലാണ് മധു രാജുവാണ് യുഎസിൽ നാടുകടത്തൽ ഭീഷണി നേരിടുന്നത്. വിഡിയോ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്ന റിപ്പോർട്ട് പുറത്തുവന്നത്.

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത 1.6 കോടി സൈനികരുടെയും, യുദ്ധത്തിൽ മരിച്ച 4 ലക്ഷത്തിലധികം പേരുടെയും സ്മരണാർഥം നിർമിച്ച സ്മാരകം യുഎസ് ആദരവോടെ കാണുന്ന ഇടമാണ്. ഒരു സ്ത്രീയുടെ കൂടെ ലോകമഹായുദ്ധ സ്മാരകത്തിന് മുന്നിൽ ‘ഡോണ്ട് റഷ് ചലഞ്ച്’ എന്ന പേരിൽ നൃത്തം ചെയ്ത വിഡിയോയാണ് ഇന്ത്യൻ വംശജന് വിനയായത്. ഇദ്ദേഹത്തിനൊപ്പം സ്മാരകത്തിനു മുന്നിൽ നൃത്തം ചെയ്ത സ്ത്രീയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


സമൂഹമാധ്യമങ്ങളിലും ഈ പ്രവൃത്തിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. രാജ്യത്തിനുവേണ്ടി ജീവൻ ബലിനൽകിയവരെ ആദരിക്കുന്ന ഒരിടം ടിക് ടോക് വിഡിയോകൾക്കുള്ള വേദിയാക്കരുത് എന്ന് ചിലർ കുറിച്ചു.
മധു രാജു പാലോ ആൾട്ടോ നെറ്റ്വർക്സ് (Palo Alto Networks) എന്ന സൈബർ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 2025 ജൂൺ മുതൽ ക്ലൗഡ് നെറ്റ്വർക്ക് സെക്യൂരിറ്റി എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു എന്നാണ് വിവരം. ‘മാഡ് ഡാലസ്’ (MAD Dallas) എന്ന പേരിൽ ഇയാൾ യുഎസിൽ ഒരു ഡാൻസ് സ്റ്റുഡിയോ നടത്തിയിരുന്നതായും വിവരമുണ്ട്.























