തിരുവനന്തപുരം: അച്ഛനമ്മമാർ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ചു പോയ 23 ദിവസം പ്രായമായ കുഞ്ഞിനു വനിത ശിശു വികസന വകുപ്പ് ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ജില്ലാ ഓഫീസർ ആശുപത്രി സന്ദർശിച്ചു തുടർനടപടികൾ സ്വീകരിക്കും. മാതാപിതാക്കൾ തിരിച്ചുവരുന്നെങ്കിൽ കുഞ്ഞിനെ അവർക്കു കൈമാറും. കുഞ്ഞിനെ മാതാപിതാക്കൾക്ക് ഇനി വേണ്ട എന്നാണെങ്കിൽ നിയമപരമായ നടപടികളിലൂടെ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും. കുഞ്ഞിന് ഇനിയുള്ള ചികിത്സ ഉറപ്പാക്കാൻ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിനു നിർദേശം നൽകി.

കോട്ടയത്തെ ഫിഷ് ഫാമിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശികളായ മംഗളേശ്വറിന്റെയും രഞ്ജിതയുടെയും കുട്ടിയാണ് ഐസിയുവിൽ ഉള്ളത്. പ്രസവത്തിനായി ഇവർ നാട്ടിൽ പോകുന്ന സമയത്തു ട്രെയിനിൽ വച്ചു രഞ്ജിതയ്ക്ക് അസ്വസ്ഥതകളുണ്ടാകുകയും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ജനുവരി 29ന് ആശുപത്രിയിൽ രഞ്ജിത പെൺകുഞ്ഞിനു ജന്മം നൽകി. 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളർച്ച. തുടർന്നു വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ ലൂർദ് ആശുപത്രിയിലെ എൻഐസിയുവിലേക്കു മാറ്റി. അമ്മ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ തുടർന്നു. അച്ഛൻ രണ്ടിടത്തും മാറി മാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് അമ്മയെ 31ന് ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു. അന്നുവരെ മകളെ കാണാൻ ആശുപത്രിയിലെത്തുമായിരുന്ന അച്ഛൻ പിന്നീടു വന്നില്ല. ആരോടും പറയാതെ മംഗളേശ്വറും രഞ്ജിതയും നാട്ടിലേക്കു മടങ്ങി. ആശുപത്രി അധികൃതർ ബന്ധപ്പെട്ടെങ്കിലും ജാർഖണ്ഡിൽ എത്തിയെന്ന എസ്എംഎസ് സന്ദേശം മാത്രമായിരുന്നു മറുപടി.

























