മുറിവ് മറ്റൊരു ആനയുമായുള്ള ഏറ്റുമുട്ടലിൽ; മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയിൽ എന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊച്ചി: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പന്റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ആനയുടെ തലച്ചോറിനും അണുബാധ ഏറ്റിരുന്നു. മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയിലായിരുന്നു. ഹൃദയാഘാതം തന്നെയാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.

ഇന്നലെ പകൽ 12 മണിയോടെയാണ് കോടനാട് അഭയാരണ്യത്തിൽ കൊമ്പൻ ചരിഞ്ഞത്. തുടർന്ന് വൈകീട്ട് മൂന്ന് മണിയോടെ മണ്ണുത്തിയിൽ നിന്നുള്ള വെറ്ററിനറി ഡോക്ടർമാർ അടങ്ങിയ സംഘമാണ് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾ രാത്രി പത്തുമണി വരെ നീണ്ടു. പോസ്റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട പ്രാഥമിക നിഗമനങ്ങളാണ് പുറത്തുവരുന്നത്.

നേരത്തെ ആനയുടെ തലച്ചോറിന് അണുബാധ ഏറ്റിട്ടില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ തലച്ചോറിന് അണുബാധ ഏറ്റിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതിന് പുറമേ മസ്തകവും തുമ്പിക്കൈയും പുഴുവരിച്ച നിലയിലായിരുന്നു. മസ്തകത്തിലെ മുറിവിൽ നിന്നുള്ള അണുബാധ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മസ്തകത്തിലെ മുറിവ് കാരണം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ശ്വാസത്തിന്റെ ഒരു ഭാഗം മുറിവിലൂടെ പുറത്തുപോകുന്ന സ്ഥിതി ഉണ്ടായിരുന്നു. എങ്കിലും ചികിത്സയിലൂടെ ആരോഗ്യനില തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇന്നലെ ഉച്ചയോടെ ആന കൂട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. കുഴഞ്ഞുവീഴുന്നതിന് മുൻപ് വരെ ആന തീറ്റയെടുത്തിരുന്നു. പഴങ്ങളും പുല്ലും കഴിച്ചിരുന്നു. ഇത് പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ ഇന്നലെ ഉച്ചയോടെ ആന ചരിയുകയായിരുന്നു.

മറ്റൊരു ആനയുമായി ഏറ്റുമുട്ടിയപ്പോൾ മസ്തകത്തിൽ മുറിവ് ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം.