പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിന് തിരിച്ചടിയുമായി ഇറാൻ. ഇസ്രയേലിനെ ലക്ഷ്യമാക്കി നിരവധി മിസൈലുകൾ ഇറാൻ വിക്ഷേപിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി ഗൾഫ് രാജ്യങ്ങളിൽ ഇന്നലത്തേതിനേക്കാൾ ശക്തമായ രീതിയിലുള്ള സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രവാസികൾ ഉൾപ്പെടെ അറിയിച്ചു. ബഹ്‌റൈനിൽ സൈറൺ മുഴങ്ങി. ദുബായിൽ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ 121 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ടുണ്ട്.

ഒരു സ്ത്രീ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ആക്രമണം നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് ഇനിയൊരു നിർദേശം വരുന്നതുവരെ ബങ്കറുകളിൽ തന്നെ തുടരാനാണ് ഇസ്രയേൽ ഭരണകൂടം നിർദേശിച്ചിരിക്കുന്നത്. ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ച മിസൈലുകൾ തിരിച്ചറിഞ്ഞതായും പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പൊതുജനങ്ങൾക്കുള്ള അടിയന്തര ദേശീയ മുന്നറിയിപ്പ് ഖത്തർ പുതുക്കിയിട്ടുണ്ട്. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തന്നെ തുടരണമെന്നാണ് നിർദേശം. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആശങ്കയേറുന്നത്. ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫുമായിരുന്നു ആയത്തുള്ള അലി ഖമനയി. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഖമനയി വധിക്കപ്പെട്ട സംഭവം ലോകത്താകെയും പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലും ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങൾ ചെറുതായിരിക്കില്ല. ഏറെക്കാലത്തെ ഗൃഹപാഠത്തിനൊടുവിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഖമനയിയുള്ള ഏറെ സുരക്ഷിതമെന്ന പറയപ്പെട്ട സ്ഥലം കണ്ടെത്തിയാണ് വ്യോമാക്രമണം നടത്തി അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ ഖമനേയിയെ വധിച്ചത്.


ഇസ്രയേല്‍-യുഎസ് സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മകളും മരുമകനും കൊച്ചുമകളും ഉള്‍പ്പെടെയുള്ള ബന്ധുക്കളും വധിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും ഇറാന്‍ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു.























