‘ജയിപ്പിച്ച് മന്ത്രിയാക്കിയത് വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങാനല്ല’; മന്ത്രി ബിന്ദു കൃഷ്ണയ്ക്കെതിരെ സൈബർ ആക്രമണം

കൊല്ലം: വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിന് പിന്നാലെ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ കടുത്ത സൈബർ ആക്രമണം. യുഡിഎഫ് – കോൺഗ്രസ് അനുകൂലികളിൽ നിന്നാണ് മന്ത്രിക്കെതിരെ പ്രധാനമായും സൈബർ ആക്രമണം നടക്കുന്നത്. ഇനി നിയമസഭ പോയിട്ട്, പഞ്ചായത്ത് പോലും കാണില്ലെന്നാണ് ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ കമൻറുകൾ നിറയുന്നത്. താങ്കളെ ജയിപ്പിച്ചു മന്ത്രിയാക്കിയത്, വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങാനല്ലെന്നും കമൻറുകളുണ്ട്.

കോൺഗ്രസ് നേതാക്കളും ബിന്ദു കൃഷ്ണയെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ കാണാൻ പോയത് തെറ്റാണെന്നും മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മാന്യതകൾ പ്രതീക്ഷിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പ്രതികരിച്ചു. സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ നോക്കുന്നവരെ അകറ്റി നിർത്താൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കള്ളപ്രചാരണങ്ങളിലൂടെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന സിപിഎം നീക്കങ്ങൾക്ക് മുന്നിലേക്ക് മന്ത്രി ബിന്ദു കൃഷ്ണയെ ഇട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറല്ലെന്നും ഏത് അറ്റം വരെയും അവരെ പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. വിഷ്ണു സുനിൽ പ്രതികരിച്ചു.