ജനങ്ങളെ സഹായിക്കുന്ന ആള്‍; മന്ത്രി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി

ആലത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മന്ത്രി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി. മന്ത്രി കെ രാധാകൃഷ്ണൻ ജനങ്ങളെ സഹായിക്കുന്ന ആളാണെന്നും അദ്ദേഹത്തിന് ഉന്നത വിജയം നൽകണമെന്നും കലാമണ്ഡലം ഗോപി വിഡിയോയിലൂടെ അഭ്യർത്ഥിച്ചു.

കലാമണ്ഡലത്തിന് എല്ലാ സഹായവും നൽകി. കലാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്ക് മുന്നിട്ട് നിന്നു. കഥകളിക്കാരൻ രാഷ്ട്രീയം പറഞ്ഞതല്ല. കെ രാധാകൃഷ്ണൻ നല്ല സുഹൃത്താണ്. എന്നും അങ്ങനെ ആയിരിക്കുമെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.

സുരേഷ് ഗോപിയ്ക്കായി കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ പല വിഐപികളും ശ്രമിച്ചെന്ന മകൻ രഘു ഗുരുകൃപയുടെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചെങ്കിലും ഇത് വലിയ ചർച്ചയായി. ബിജെപിക്കും കോൺഗ്രസിനും വേണ്ടി ആരും വീട്ടിൽ കയറരുതെന്ന് ഉൾപ്പെടെ സൂചിപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ചർച്ചകൾ ചൂടുപിടിച്ചതോടെ രഘു പിൻവലിച്ചിരിക്കുന്നത്. തന്റെ കുടുംബവുമായി അടുപ്പമുള്ള ഒരു പ്രശസ്ത ഡോക്ടർ സുരേഷ് ഗോപിയ്ക്കായി സ്വാധീനിക്കാൻ ശ്രമിച്ചെന്നായിരുന്നു രഘു ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന് പിന്നാലെയാണ് മന്ത്രി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി രംഗത്തെത്തിയത്.