10 ജില്ലകളില്‍ താപനില ഉയരും, മൂന്ന് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൂടുതൽ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം,ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്,തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരുക.

ബുധനാഴ്ച വരെ പാലക്കാട് കൊല്ലം ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട തൃശ്ശൂര്‍ കോഴിക്കോട് എന്നിവിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും മറ്റു ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാനുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

എന്നാൽ കൊല്ലം ആലപ്പുഴ പത്തനംതിട്ട എന്നിവിടങ്ങളിൽ കൊടുംചൂടിന് ആശ്വാസമായി നേരിയ മഴയെത്താനും സാധ്യതയുണ്ട്. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം ഉണ്ടെങ്കിലും കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ചൊവ്വാഴ്ച രാത്രി രാത്രി 11.30 വരെ കേരള തീരത്തും വടക്കന്‍ തമിഴ്നാട് തീരത്തും 0.5 മുതല്‍ 1.2 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് 1.0 മുതല്‍ 1.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.