അപകീർത്തിപ്പെടുത്തിയെന്ന രാമകൃഷ്ണനെതിരായ സത്യഭാമയുടെ പരാതി; തെളിവില്ലെന്ന് ഹൈക്കോടതി, കേസ് റദ്ദാക്കി

കൊച്ചി: നർത്തകരായ ആർ എൽ വി രാമകൃഷ്ണൻ, യു ഉല്ലാസ്, എന്നിവർക്കെതിരെ നൃത്തധ്യാപിക കലാമണ്ഡലം സത്യഭാമ നൽകിയ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ സ്വകാര്യ അന്യായത്തെത്തുടർന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെടുത്ത കേസിലെ തുടർ നടപടികളാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണനും ഉല്ലാസും നൽകിയ ഹർജി അനുവദിച്ചാണ് നടപടി. താനുമായുള്ള ഫോൺ സംഭാഷണം റെക്കോർഡു ചെയ്ത ഹർജിക്കാർ സമൂഹമാധ്യമങ്ങളിൽ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണത്തിന് നൽകുകയും ചെയ്‌തെന്നാണ് സത്യഭാമയുടെ പരാതി. എന്നാൽ അപകീർത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പ്രസിദ്ധീകരണത്തിന്റെ പകർപ്പുകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടില്ലെന്നത് കോടതി കണക്കിലെടുത്തു.

തെളിവുകളുടെ അഭാവത്തിൽ കേസ് നിലനിൽക്കില്ലെന്നത് കോടതി കണക്കിലെടുത്തു. തെളിവുകളുടെ അഭാവത്തിൽ കേസ് നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. 2018 ജനുവരിയിൽ അബുദാബി മലയാളി അസോസിയേഷൻ നടത്തിയ നൃത്ത മത്സരത്തിൽ സത്യഭാമ വിധികർത്താവായിരുന്നു. രാമകൃഷ്ണൻ പരിശീലിപ്പിച്ച നർത്തകർ പിന്തള്ളപ്പെട്ടു. ഇത് ബോധപൂർവമാണെന്ന് കരുതിയ ഹർജിക്കാരൻ സത്യഭാമയെ ഫോണിൽ ബന്ധപ്പെട്ട് തീരുമാനമത്തിൽ സംശയം ഉന്നയിച്ചു ചോദ്യം ചെയ്തു. മത്സരാർഥികളുടെ മുദ്രകൾ പലതും തെറ്റായിരുന്നുവെന്നും അനുഭവ പരിചയമുള്ള നൃത്തധ്യാപകർക്ക് പോലും പിശക് പറ്റാറുണ്ടെന്നും സത്യഭാമ വിശദീകരിച്ചു. ഇത് രഹസ്യമായി റെക്കോർഡ് ചെയ്ത ശേഷം നൃത്ത ഗുരുക്കൻമാർക്കെതിരായ പരാമർശമെന്ന നിലയിൽ ഹർജിക്കാർ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.