ഒന്നര വർഷത്തെ പ്രണയം; വിവാഹം കഴിഞ്ഞ് 15ാം ദിവസം ആത്മഹത്യ; 8 മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

കാട്ടാക്കട: തിരുവനന്തപുരം കാട്ടക്കടയിൽ പ്രണയിച്ച് വിവാഹം കഴിച്ച് 15ാം ദിവസം നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച കേസിൽ 8 മാസത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ. കല്ലാമം ഷിബിൻ ഭവനില്‍ വി.വിപിനാണ് അറസ്റ്റിലായത്. തണ്ണിച്ചാം കുഴി സോന ഭവനിൽ സോന ( 22 ) കേസിലാണ് വിപിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണിലായിരുന്നു വിപിന്റെയും സോനയുടെയും വിവാഹം. ദിവസങ്ങൾക്കുള്ളിൽ ഭർത്താവിന്റെ വീട്ടിൽ സോനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. തുടർന്ന് ബന്ധുക്കള്‍ ഇടപെട്ട് വിവാഹം ആർഭാടമായി നടത്തി. വിവാഹശേഷം ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ സോന സന്തോഷവതിയായിരുന്നുവെന്നും ദിവസങ്ങള്‍ക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്നതില്‍ അന്വേഷണം വേണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം.

സോനയുടെ മരണം ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഡിവെെഎസ്‌പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയത്.
ഓട്ടോ ഡ്രെെവറാണ് വിപിൻ. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തില്‍ ഒരു വർഷത്തോളമായി ജീവനക്കാരിയായിരുന്നു സോന. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നെങ്കിലും വിപിൻ സ്ത്രീധനം ആവശ്യപ്പെട്ട് സോനയെ മാനസികമായി ഉപദ്രവിച്ചിരുന്നു. ശാരീരികമായും മർദ്ദിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കണ്ടെത്തല്‍. വിപിൻ ഉറങ്ങിക്കിടന്ന മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സോനയെ കണ്ടെത്തിയത്.

കൊലപാതകമല്ല ആത്മഹത്യാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.