കോട്ടയം: മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്ത്. കാലാവധി കഴിഞ്ഞപ്പോൾ പുതിയ ആളുകൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും എൻഎസ്എസിൽ ജനാധിപത്യമില്ലെന്ന് ആരും പറയില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഗണേഷ് കുമാറിന് കോടതിയിൽ പോകാവുന്നതാണ്. ജനറൽ സെക്രട്ടറിയെ ഗണേഷ് കുമാർ തള്ളിപ്പറയാത്തത് വേലയാണെന്നും അത്തരത്തിൽ ആരെങ്കിലും തള്ളിപ്പറയാൻ ശ്രമിച്ചാൽ അഡ്രസ് കാണില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

‘കെ ബി ഗണേഷ് കുമാർ 12 പേരുടെ പിന്തുണ ഉണ്ട് എന്ന് പറയുന്നത് വാലിഡ് ആണോ? ഇവർ കഴിഞ്ഞ കമ്മിറ്റിയിലെ അംഗങ്ങൾ അല്ല. നേരത്തെ ഉണ്ടായിരുന്ന കമ്മിറ്റിക്കാർ രാജിവെച്ചിരുന്നു. രാജിവെച്ചതോടെ ക്വാറം നഷ്ടപ്പെട്ടു. യഥാർഥ കമ്മിറ്റിയിൽ ഉണ്ടായ ആളുകളാണ് ക്വാറം നഷ്ടപ്പെടുന്ന തരത്തിൽ രാജി നൽകിയത്. തുടർന്ന് യൂണിയന്റെ പ്രവർത്തനത്തിന് പുതിയ ഒരു സംവിധാനം ഉണ്ടാക്കി. ഇദ്ദേഹത്തിന്റെ കൂടെ പിന്നീട് വന്നവർ ആരാണ് എന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തിന് ഇതിൽ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ കേസ് കൊടുക്കാല്ലോ. എൻഎസ്എസിന് ജനാധിപത്യമില്ല എന്ന് ആരെങ്കിലും പറയുമോ?ജനറൽ സെക്രട്ടറിയെ തള്ളുന്നില്ല എന്ന് ഗണേഷ് കുമാർ പറയുന്നത് വേലയാണ്. അത് അവരുടെ തൊഴിൽ ആണ്. ജനറൽ സെക്രട്ടറിയെ തള്ളാൻ കഴിയില്ല ആർക്കും. ജനറൽ സെക്രട്ടറിയെ തള്ളിപ്പറഞ്ഞാൽ അഡ്രസ് കാണില്ല.’- ജി സുകുമാരൻ നായർ വ്യക്തമാക്കി.


അതിനിടെ അംഗത്വം പുതുക്കി നൽകാൻ താൻ ആവശ്യപ്പെട്ടില്ലെന്നാണ് ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. മരിക്കും വരെ പദവിയിൽ തുടരാൻ ആഗ്രഹമില്ല. താൻ ജനറൽ സെക്രട്ടറിക്ക് പിന്തുണ കൊടുക്കുന്നയാളാണ്. എന്നാൽ പത്തനാപുരത്ത് നടന്നത് ജനാധിപത്യമല്ലെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.























