കോവിഡ് സമയത്താണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്, പ്രോമിസിങ് റിങ് കൈമാറി ; പ്രണയകഥ പറഞ്ഞ് കീർത്തി

തന്റെ പ്രണയവും വിവാഹത്തിലേക്ക് എത്തിയ വിശേഷങ്ങളുമെല്ലാം പങ്കുവച്ച് നടി കീർത്തി സുരേഷ്. ഭർത്താവ് ആന്റണിയുമായി ഏഴു വയസിന് വ്യത്യാസമുണ്ടെന്നും തന്റെ ഭാ​ഗ്യമാണ് അദ്ദേഹമെന്നും കീർത്തി പറയുന്നു. ഗലാട്ട ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിലാണ് കീർത്തിയുടെ വെളിപ്പെടുത്തൽ.

കീർത്തിയുടെ വാക്കുകൾ

‘‘ഞങ്ങൾ കുടുംബസുഹൃത്തുക്കളാണ്‌. ഓർക്കൂട്ടിലൂടെ ചാറ്റ് ചെയ്താണ് ഞങ്ങൾ പരിചയപ്പെട്ടത്. ഞങ്ങൾക്ക് ഒരുപാട് കോമൺ സുഹൃത്തുക്കളുണ്ട്. ചാറ്റിങ്ങിന് ശേഷം 2009 ഡിസംബർ 2 ന് ആണ് ആദ്യമായി പരസ്പരം കണ്ടുമുട്ടിയത്. ആന്റണിയുമായി അടുക്കാൻ ശ്രമിച്ചത് ഞാൻ തന്നെയായിരുന്നു. കൊച്ചിയിലെ ഒരു റസ്റ്റോറന്റിൽ വച്ചാണ് ഞങ്ങൾ നേരിട്ട് കാണുന്നത്. എനിക്ക് അങ്ങോട്ട് പോയി സംസാരിക്കാനുള്ള സാഹചര്യമായിരുന്നില്ല. തിരികെ പോകുമ്പോൾ ആന്റണിയെ നോക്കി ഞാൻ കണ്ണിറുക്കി. പിറ്റേദിവസം ഒരു മാളിൽ വച്ച് ഞങ്ങൾ വീണ്ടും കണ്ടു. അന്ന് എനിക്കൊപ്പം അച്ഛനും അമ്മയും ഉണ്ടായിരുന്നു. ആന്റണി സുഹൃത്തുക്കൾക്കൊപ്പമാണ് വന്നത്. അന്ന് കണ്ടു സംസാരിച്ചു. പിന്നീട് ഒരു മാസത്തിനുശേഷം ധൈര്യമുണ്ടെങ്കിൽ എന്നെ പ്രപ്പോസ് ചെയ്യെന്ന് ആന്റണിയോട് പറയുകയായിരുന്നു. ആ വർഷം ന്യൂ ഇയറിൽ അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു. ഞാൻ യെസും പറഞ്ഞു. 2010ൽ ആയിരുന്നു ഇത്. 2016ലാണ് കാര്യങ്ങൾ കുറച്ചു കൂടി കാര്യമായത്. പിന്നാലെ ഞങ്ങൾ പ്രോമിസിങ് റിങ് കൈമാറി. എന്റെ നിരവധി സിനിമകളിൽ ആ മോതിരം കാണാനാകും. ഞാൻ 12-ാംതരത്തിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ ഡേറ്റിങ് ആരംഭിച്ചത്. ആന്റണിക്ക് എന്നേക്കാൾ ഏഴുവയസ്സ് കൂടുതലുണ്ട്. കുറച്ച് കാലം ഞങ്ങൾക്ക് ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിരുന്നു. . ആന്റണി ഖത്തറിൽ വർക്ക് ചെയ്യുകയായിരുന്നു. നാലഞ്ച് വർഷത്തിന് ശേഷം തിരിച്ച് വന്ന് സ്വന്തമായി ബിസിനസ് തുടങ്ങി.കോവിഡ് സമയത്താണ് ഞങ്ങൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. അതുവരെ വിശേഷ ദിവസങ്ങളിൽ കാണാൻ വരലും പോകലുമായിരുന്നു. ഒരുമിച്ച് ഒരുപാട് കാലം ഒപ്പം ഉണ്ടായിരുന്നതിനാൽ ഇപ്പോൾ കല്ല്യാണശേഷവും പരസ്പരം പ്രശ്നങ്ങളൊന്നും ഇല്ല,’’ കീർത്തി സുരേഷ് പറയുന്നു. ‘‘അച്ഛന്റെയും അമ്മയുടെയും ചിന്താഗതികൾ വ്യത്യസ്തമായിരുന്നെങ്കിലും എന്റെ ഇഷ്ടത്തിന് അവർ കൂടെ നിൽക്കുകയായിരുന്നു. അമ്മയുടെ മുപ്പതു വർഷം പഴക്കമുള്ള കല്യാണസാരിയാണ് ഞാൻ വിവാഹത്തിന്റെ ഒരു ചടങ്ങിൽ ഉടുത്തത്. ക്രിസ്ത്യൻ രീതിയിലുള്ള വിവാഹത്തിന് വധുവിനെ ആനയിക്കുന്ന ചടങ്ങുണ്ടല്ലോ. അച്ഛനോട് എന്റെ കൈ പിടിച്ച് കൂടെ വരാമോ എന്ന് ചോദിച്ചപ്പോൾ, പിന്നെന്താ, ഞാനല്ലാതെ വേറെ ആരു വരും എന്ന് വളരെ സന്തോഷത്തോടെയാണ് അച്ഛൻ ചോദിച്ചത്. ഒരുമിച്ച് വിദേശത്തു യാത്ര പോകുന്ന, പൊതു സ്ഥലങ്ങളിൽ കൈ പിടിച്ച്‌ നടക്കുന്ന, പിഡിഎ ചെയ്യുന്ന തരം ദമ്പതികളല്ല ഞങ്ങൾ. ബന്ധം തുടങ്ങി ഒരുപാടു വർഷങ്ങൾക്കു ശേഷമാണ് ആദ്യമായി ഞങ്ങൾ ഒരു വിദേശയാത്ര പോയത്.

ഇവളെ ലഭിച്ചതിൽ ഇവൻ ഭാ​ഗ്യവാനാണെന്ന് കരുതുന്നവർ ഉണ്ടെങ്കിൽ എന്നെ വിശ്വസിക്കൂ, അദ്ദേഹത്തെ ലഭിച്ചതിൽ ഞാനാണ് ഭാ​ഗ്യവതി. ഒരാൾക്ക് വേണ്ടി ഒരുപാട് വർഷങ്ങൾ കാത്തിരിക്കുക എളുപ്പമല്ല. എപ്പോഴാണ് വിവാഹമെന്ന് ഒരിക്കലും അദ്ദേഹം എന്നോട് ചോദിച്ചിട്ടില്ല. ഒന്നിലും എന്നെ നിർബന്ധിച്ചിട്ടില്ല. സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് തന്റെ ഭർത്താവെന്നും കീർത്തി സുരേഷ് പറഞ്ഞു. ‌ഇപ്പോൾ ഞാൻ ദേഷ്യപ്പെട്ടാൽ ശാന്തമായി നേരിടാൻ അദ്ദേഹത്തിനറിയാമെന്നും കീർത്തി പറയുന്നു.