കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്നു മരണം

തൃശൂര്‍: കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാള്‍ സ്വദേശികളായ രൂപേല്‍, രാഹുല്‍, അലി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

പഴയ വീടിന്റെ മുന്‍ഭാഗമാണ് തകര്‍ന്നുവീണത്. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികള്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി ആദ്യം രണ്ടു പേരെയാണ് പുറത്തെടുത്തത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ രൂപേലിനെയും രാഹുലിനെയും ഉടന്‍ തന്നെ തൊട്ടടുത്തുള്ള ശാന്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തിരച്ചില്‍ തുടരുന്നതിനിടെയാണ് അലിയെയും കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലിയുടെ ജീവനും രക്ഷിക്കാന്‍ സാധിച്ചില്ല. മൂന്ന് പേരുടെയും മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും.