അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ 60കാരൻ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലൻ (60) ആണ് മരിച്ചത്. വാരിയെല്ലിനും നെഞ്ചിനും സാരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ചീരക്കടവ് വനമേഖലയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു ആക്രമണം. ഉടൻ തന്നെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഗുരുതര പരിക്കിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച മല്ലൻ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ ഏഴരമണിയോടെയാണ് മരിച്ചത്. കാട്ടാന തുമ്പിക്കൈ കൊണ്ട് എറിഞ്ഞാണ് മല്ലന് ഗുരുതരമായി പരിക്കേറ്റത്. നെഞ്ചിനും വാരിയെല്ലിനുമായിരുന്നു പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12മണിയോടെയാണ് വീടിനോട് ചേർന്നുള്ള വനമേഖലയിലേക്ക് പശുവുമായി മല്ലൻ പോയത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മല്ലനെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിച്ചത്. പത്തുദിവസം മുൻപാണ് മണ്ണാർക്കാടിന് സമീപം ഉമ്മർ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത്.