മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ പുലി കടിച്ചുകൊന്നു

മലപ്പുറം: കാളികാവിൽ യുവാവിനെ പുലി കടിച്ചുകൊന്നു. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്. പുലർച്ചെയാണ് ടാപ്പിങ് തൊഴിലാളികൾക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഗഫൂറിന്റെ കഴുത്തിൽ കടിച്ച് പുലി ഉൾക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. വനത്തോടു ചേർന്നുള്ള തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം. കരുവാരക്കുണ്ടുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണ് കാളിയാർ. ഇത് ഒരു ഉൾപ്രദേശമാണ്. റോഡിൽ നിന്ന് അഞ്ചാറു കിലോമീറ്റർ ഉള്ളിലുള്ള പ്രദേശമാണിത്. വാഹനസൗകര്യം ഉള്ള സ്ഥലമല്ല. പെട്ടെന്നായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത് എന്ന് മറ്റു ടാപ്പിങ് തൊഴിലാളികൾ പറയുന്നു. പുലിയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട മറ്റു തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്.

പൊലീസും നാട്ടുകാരും ചേർന്ന് ഒന്നരമണിക്കൂറോളം നേരം തിരഞ്ഞ ശേഷം ഗഫൂറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വന്യജീവി ശല്യമുള്ള പ്രദേശമാണിത്. എന്നാൽ അടുത്തിടെ ഒരാളെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തുന്നത് ഇതാദ്യമായാണ്. സംഭവത്തിൽ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ തോതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.