വയനാട്ടിൽ റിസോർട്ടിലെ ഷെഡ് തകർന്ന് വീണു; യുവതിക്ക് ദാരുണാന്ത്യം

വയനാട്: മേപ്പാടി തൊള്ളായിരം കണ്ടിയിൽ റിസോർട്ടിലെ ഷെഡ് തകർന്ന് യുവതി മരിച്ചു. 900 വെഞ്ചേഴ്‌സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്. നിലമ്പൂർ അകമ്പാടം സ്വദേശി നീഷ്മ (24)യാണ് മരിച്ചത്. ഇവർ മേക്കപ്പ് ആർട്ടിസ്റ്റാണെന്നാണ് വിവരം.

മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. ഇന്നലെ എത്തിയ 16 അംഗ വിനോദസഞ്ചാരികളുടെ സംഘത്തിലെ ഒരാളാണ് മരിച്ചത്. ഒരു ഷെഡിൽ രണ്ട് ടെന്റുകൾ വീതമാണ് ഉണ്ടായിരുന്നത്. ഷെഡ് തകർന്ന് വീണപ്പോൾ പെൺകുട്ടി അതിൽ പെട്ടു പോവുകയായിരുന്നു. മൃതദേഹം മൂപ്പൻസ് മെഡിക്കൽ കോളജിലേക്ക് മാറ്റി.