അവളുടെ സ്നേഹത്തെ അവൾ കണ്ടെത്തി; കീർത്തിയുടെ വിവാഹത്തെ കുറിച്ച് മേനക സുരേഷ്

അടുത്തിടെയായിരുന്നു നടി കീർത്തി സുരേഷിന്റെ വിവാഹം . ​ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ ആൻറണി തട്ടിൽ കീർത്തിയുടെ കഴുത്തിൽ താലികെട്ടി. ഇപ്പോഴിതാ കീർത്തിയുടെ അമ്മയും നടിയുമായ മേനക സുരേഷ് പങ്കിട്ട പോസ്റ്റ് ശ്രദ്ധനേടുകയാണ്.

‘എൻറെ മകൾ വിവാഹിതയായി. അവളുടെ ജീവിതത്തിലെ സ്നേഹത്തെ അവൾ തന്നെ കണ്ടെത്തിയതിൽ ഞാൻ സന്തോഷവതിയാണ്. പ്രിയ ആൻറണിക്കും കീർത്തിക്കും സന്തോഷകരമായ ദാമ്പത്യ ജീവിതം നേരുന്നു’, എന്നാണ് മേനക സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേർ ആശംസയുമായി രം​ഗത്ത് എത്തിയിട്ടുണ്ട്.

ഡിസംബർ 12ന് ആയിരുന്നു ആന്റണിയുടേയും കീർത്തിയുടെയും വിവാഹം. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലുമാണ് വിവാഹം നടന്നത്. ഇതിന്റെ ഫോട്ടോകളും മേനക പങ്കിട്ടിട്ടുണ്ട്. നടൻ വിജയിയും കീർത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

കഴിഞ്ഞ നവംബർ 19ന് ആയിരുന്നു കീർത്തി സുരേഷ് വിവാഹിതയാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. എന്നാൽ ഇതിൽ കുടുംബമോ താരമോ സ്ഥീരികരണം നൽകിയിരുന്നില്ല. പിന്നാലെ നവംബർ 27ന് പ്രണയം പൂവണിയാൻ പോകുന്നുവെന്ന വിവരം കീർത്തി സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. പതിനഞ്ച് വർഷമായി ആൻറണിയും കീർത്തിയും തമ്മിലുള്ള ബന്ധമാണ് വിവാഹത്തിൽ കലാശിച്ചത്. കൊച്ചി സ്വദേശിയാണ് ആൻറണി തട്ടിൽ. ബിസിനസുകാരനാണ്. കൊച്ചിയിലും ദുബായിലും ബിസിനസുള്ള ആൻറണി, ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയാണ്.