മിഥുന്റെ വീട്ടിലെത്തി മന്ത്രി ചിഞ്ചുറാണി; മുൻ പ്രസ്താവനയിൽ ഖേദം

കൊല്ലം: തേവലക്കര സ്‌കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി ചിഞ്ചുറാണി. രാവിലെയാണ് മന്ത്രി മിഥുന്റെ വീട്ടിലെത്തിയത്. തുടർന്ന് മിഥുന്റെ അമ്മൂമ്മ അടക്കമുള്ളവരെ ആശ്വസിപ്പിച്ചു. ഈ കുടുംബത്തിന്റെ ദുഃഖത്തിൽ താനും പങ്കുചേരുകയാണ്. മിഥുന്റെ അമ്മ വിദേശത്താണ്. നാളെ എത്തുമെന്നാണ് അറിയുന്നത്. മിഥുന്റെ കുടുംബത്തിന് സർക്കാർ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നേരത്തെ നടത്തിയ പ്രസ്താവനയിൽ മന്ത്രി ജെ ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. ആ പ്രസ്താവന തെറ്റായിപ്പോയി. ഒഴിവാക്കാമായിരുന്നുവെന്നും ചിഞ്ചുറാണി പറഞ്ഞു. താൻ ലഹരിക്കെതിരായ പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു. അതിനുശേഷമാണ് അപകടത്തെപ്പറ്റി അറിഞ്ഞത്. ആ സമയത്ത് നടത്തിയ പ്രതികരണം ആയിരുന്നു അതെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. താൻ മിഥുന്റെ കുുടംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയാണ്. ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളിയാകുകയാണ്. സർക്കാർ ഇടപെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആ റിപ്പോർട്ട് ലഭിച്ചശേഷം എന്തു നടപടി സ്വീകരിക്കണമെന്ന് സർക്കാർ തീരുമാനിക്കും. കെഎസ്ഇബിക്ക് വീഴ്ചയുണ്ടോ, സ്‌കൂൾ അധികൃതർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ തുടങ്ങിയവയെല്ലാം പരിശോധിക്കും. ഈ സംഭവത്തിൽ നടപടിയെടുക്കാൻ തന്നെയാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.