പുഴയിൽ യുവതി കുഞ്ഞുമായി ചാടിയ സംഭവം; കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പല്ലിക്കുണ്ട് പാലത്തിന്റെ താഴെ നിന്നാണ് ഋഷിപ്പ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അമ്മ റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഭർതൃ വീട്ടിലെ മാനസിക പീഡനത്തിൽ മനംനൊന്താണ് ആത്മഹത്യ എന്നായിരുന്നു റീമയുടെ കുടുംബത്തിന്റെ ആരോപണം. കേസിൽ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൂന്ന് വയസുള്ള മകനുമായാണ് റീമ ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. കുട്ടിയെ ഷാൾ ഉപയോഗിച്ച് ശരീരത്തോട് ചേർത്ത് കെട്ടിവെച്ച് പുഴയിലേക്ക് ചാടുകയായിരുന്നു. ഈ സമയം പുഴയിൽ ചൂണ്ടയിടുകയായിരുന്ന യുവാവ് റീമ ചാടുന്നത് കണ്ടു.

തുടർന്ന് നടത്തിയ തിരച്ചിലിൽ പാലത്തിൽ നിന്ന് 200 മീറ്റർ അകലെ റീമയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച്ച മുമ്പ് ഗൾഫിൽ നിന്ന് നാട്ടിൽ എത്തിയ ഭർത്താവ് കുട്ടിയെ തിരികെ വേണമെന്ന് സമ്മർദ്ദം ചെലുത്തി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റീമയുടെ ബന്ധുക്കളുടെ ആരോപണം.