ഗീതു മോഹൻദാസ്- യഷ് ചിത്രം ‘ടോക്സിക്കി’ൽ ഗംഗയായി നയൻതാര; ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്‌സ്’ എന്ന യഷ്- ഗീതു മോഹൻദാസ് ചിത്രം അടുത്തവർഷം മാർച്ച് 19-ന് തിയേറ്ററുകളിലേക്ക് എത്താനിരിക്കെ പുതിയൊരു അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗംഗ എന്ന കഥാപാത്രമായി നയൻതാരയുടെ ക്യാരക്ടർ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഐകോണിക് നടിമാരിലൊരാളായ നയൻതാര, ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രത്തെയാണ് ‘ടോക്സിക്കി’ൽ അവതരിപ്പിക്കുന്നത്. ഗംഗയായി നയൻതാരയുടെ വേഷപ്പകർച്ച ദൃശ്യപരമായി അതീവ ആകർഷകമാണ്. ‘ആഘോഷിക്കപ്പെടുന്ന താരമായും ശക്തമായ സ്‌ക്രീൻ സാന്നിധ്യമുള്ള കലാകാരിയായും നയൻതാരയെ നമുക്കറിയാം. 20 വർഷത്തിലേറെ നീളുന്ന കരിയറുമുണ്ട്.

എന്നാൽ, ‘ടോക്‌സിക്കി’ൽ, ഇതുവരെ പുറത്തുവരാതെ കാത്തിരുന്ന ഒരു പ്രതിഭയാണ് നയൻതാരയിൽനിന്ന് പ്രേക്ഷകർ കാണാൻ പോകുന്നത്. നയൻതാരയെ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഷൂട്ടിങ് മുന്നോട്ടുപോയപ്പോൾ, നയൻതാരയുടെ വ്യക്തിത്വം തന്നെ കഥാപാത്രത്തിന്റെ ആത്മാവുമായി എത്ര അടുത്താണ് ചേർന്നിരിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. അത് അഭിനയമല്ല- അലൈൻമെന്റാണ്. നയൻതാര അതുല്യമായി അവതരിപ്പിച്ച എന്റെ ഗംഗയെ ഞാൻ കണ്ടെത്തി- അതിലുപരി, ഒരു പ്രിയ സുഹൃത്തിനെയും’, സംവിധായിക ഗീതു മോഹൻദാസ് അഭിപ്രായപ്പെട്ടു.

യഷ് ‘കെജിഎഫ് ചാപ്റ്റർ 2’ ലൂടെ ബോക്സ് ഓഫീസ് ചരിത്രം പുനർനിർവചിച്ച ശേഷം, ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്‌സ്’ എന്ന അതിമഹത്തായ പ്രൊജക്ടിലൂടെ വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ്. നേരത്തെ കിയാര അദ്വാനി നാദിയയായി എത്തിയ ക്യാരക്റ്റർ പോസ്റ്റർ ലുക്ക് പുറത്തുവന്നിരുന്നു. തുടർന്ന് ഹുമ ഖുറേഷി അവതരിപ്പിച്ച എലിസബത്തിന്റെ ഗൂഢത നിറഞ്ഞ ക്യാരക്ടർ പോസ്റ്ററും പ്രേക്ഷകർക്കിടയിൽ ചർച്ചയായി. യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു.