കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി; ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രം

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി. കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോർത്ത് എന്നും നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നുമാണ് മാറ്റിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് പേരു മാറ്റം. പേരു മാറ്റം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചു.

ഇതോടെ, ഈ രണ്ടു സ്‌റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷന്റെ സാറ്റലൈറ്റ് ടെർമിനലുകളാക്കാനുള്ള നടപടികൾ സജീവമാകും. ഏറെ നാളായുള്ള ആവശ്യം സംസ്ഥാനത്തിന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് അംഗീകരിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഷനിൽ നിന്ന് 9 കിലോ മീറ്റർ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്‌റ്റേഷനുകൾ. സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ പതിനഞ്ചോളം ട്രെയിനുകൾ നിലവിൽ കൊച്ചുവേളിയിൽ നിന്നാണ് സർവീസ് തുടങ്ങുന്നത്.