ജൂനിയർ എൻ.ടി.ആറിനെയും ജാൻവി കപൂറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൊരട്ടാല ശിവ സംവിധാനംചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദേവര -പാർട്ട് 1. ചിത്രത്തിലെ രണ്ടാമത്തെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അനിരുദ്ധ് ഈണം നൽകിയ ഗാനം ഇപ്പോൾ ഒരു വിഭാഗം സോഷ്യൽ മീഡിയാ ഉപയോക്താക്കളുടെ രൂക്ഷ വിമർശനത്തിന് വിധേയമായിരിക്കുകയാണ്. റെഡ്ഡിറ്റിലാണ് ചുട്ടമല്ലേ എന്ന ഗാനത്തിനെതിരെയാണ് വിമര്‍ശനം.

ജൂനിയർ എൻ.ടി.ആറും ജാൻവിയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് കഴിഞ്ഞദിവസം വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ ഗാനത്തിലുള്ളത്. ഇരുവരുടേയും പ്രായമാണ് ഗാനത്തിനെതിരെ ഒരു വിഭാഗം വിമർശനവും പരിഹാസവുമായെത്താൻ കാരണം. നായകനും നായികയും തമ്മിൽ 14 വയസിന്റെ വ്യത്യാസമുണ്ടെന്നും ഇത് വളരെ വിചിത്രമായി തോന്നുന്നുവെന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. 41-കാരനായ ജൂനിയർ എൻ.ടി.ആറും 27-കാരിയായ ജാൻവിയും തമ്മിൽ യാതൊരു കെമിസ്ട്രിയുമില്ല. പ്രായവ്യത്യാസം നന്നായി തോന്നുന്നുണ്ടെന്നുമാണ് റെഡിറ്റിലെ ചർച്ചയിൽ ഉയർന്ന അഭിപ്രായം.


ജൂനിയർ എൻ.ടി.ആറിനൊപ്പം നിൽക്കുമ്പോൾ ജാൻവി ടീനേജുകാരിയായാണ് തോന്നുന്നത്. കംഫർട്ടായല്ല ഇരുവരും അഭിനയിക്കുന്നതെന്ന് അവരുടെ മുഖം കണ്ടാൽ അറിയാം. വളരെ ബോറായാണ് ജൂനിയർ എൻ.ടി.ആറിനെ കാണാനാവുക. ഫിൽട്ടറുകളുപയോഗിച്ച് ഏതോ ഇൻസ്റ്റാഗ്രാം സംവിധായകൻ ചെയ്ത വീഡിയോ പോലെയുണ്ട് എന്നെല്ലാം ഗാനത്തെക്കുറിച്ച് പരിഹാസം ഉയർന്നിട്ടുണ്ട്. ഗാനത്തിന്റെ നൃത്തസംവിധാനത്തെ വിമർശിച്ചവരുണ്ട്.
വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ദേവര ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും.























