വവ്വാലിന്റെ പരിശോധനാഫലം നെഗറ്റീവ്, നിപ ഉറവിടം കണ്ടെത്താനായില്ല

തിരുവനന്തപുരം: നിപ രോഗബാധിതന്റെ വീടിന് സമീപത്ത് നിന്ന് ശേഖരിച്ച വവ്വാലുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. വവ്വാലിന്റെ കാഷ്ഠത്തിലും വൈറസിന്റെ സാന്നിധ്യമില്ല. വവ്വാലുകളിൽ നടത്തിയ പരിശോധനാ ഫലം നെഗറ്റീവാണ്. അതേസമയം നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ നിന്ന് പുതുതായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്. അതിനിടെ, കോഴിക്കോട് ജില്ലയില്‍ നടത്തിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. ഒരാളില്‍ രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണ്‍ 11 മുതല്‍ കൃത്യമായ റൂട്ട് മാപ്പ് തയാറാക്കി പഴുതടച്ച പ്രതിരോധമാണ് ആരോഗ്യവകുപ്പ് നടത്തിയത്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണിതെന്നു മന്ത്രി പറഞ്ഞു.

രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ 60 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി. സംസ്ഥാനത്ത് ഇന്ന് 10 പേർക്കു കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്-7, വയനാട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒന്നു വീതം പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം സംസ്ഥാനത്ത് ജൂൺ മാസം 150 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 226 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (49), വയനാട് (20), തൃശൂർ (12), ആലപ്പുഴ (3), മലപ്പുറം (21), തിരുവനന്തപുരം (17), കണ്ണൂർ (10), കൊല്ലം (9), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.