രണ്ട് മൃതദേഹം കണ്ടെത്തിയ സംഭവം; ദുരൂഹത മാറുന്നില്ല, കല്ലറ തുറക്കാൻ പൊലീസ്

കണ്ണൂർ: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ ഒരേ കല്ലറയിൽ രണ്ട് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഇതോടെ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തീരുമാനിച്ചു. ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർ സ്ഥലം സന്ദർശിച്ചു. കല്ലറ തുറക്കാനായി ആർഡിഒയുടെ അനുമതി തേടും. എസ്പിയുടെ നേതൃത്വത്തിൽ യോഗം ചേർന്നശേഷമായിരിക്കും തുടർകാര്യങ്ങൾ തീരുമാനിക്കുന്നത്. കാണാതായ നാദാപുരം വിലങ്ങാട് സ്വദേശിയുടെ ബന്ധുക്കൾ രംഗത്തെത്തിയതോടെയാണ് പൊലീസ് ദുരൂഹതയില്ലെന്ന് പറഞ്ഞ പ്രശ്നം കൂടുതൽ സങ്കീർണമായത്.

ഇതിനിടെ കുഴിയിൽ അടക്കം ചെയ്ത ആളുടെ ബന്ധുക്കളും രംഗത്തെത്തി. ആചാരപ്രകാരമാണ് അടക്കിയതെന്ന് ഇവർ വ്യക്തമാക്കി. അതേസമയം, കുഴിയിൽ മൂന്നാമതൊരു മൃതദേഹം കൂടിയുണ്ടോ എന്ന് പള്ളി വികാരി സംശയം പ്രകടിപ്പിച്ചതായി പൊലീസ് പറഞ്ഞു. പള്ളിയുടെ 38ാം നമ്പർ കല്ലറയിൽ 2015 ൽ സംസ്കരിച്ച ജെയിംസ് കുമ്പുക്കലിന്റെ മൃതദേഹം ക്രിസ്ത്യൻ ആചാരപ്രകാരം പെട്ടിയിലാണ് അടക്കിയതെന്ന് ബന്ധുക്കൾ പള്ളി വികാരിയെ അറിയിച്ചു.

ശനിയാഴ്ച ജെയിംസിന്റെ ഭാര്യയെ സെമിത്തേരിയിലെത്തിച്ച് പൊലീസ് കല്ലറ തിരിച്ചറിഞ്ഞിരുന്നു. ഭാര്യ കാണിച്ചതനുസരിച്ച് ഇതേ കല്ലറയാണെന്ന് ഉറപ്പിക്കുകയായിരുന്നു. എന്നാൽ ജെയിംസിന്റെ സഹോദരങ്ങൾ രംഗത്തെത്തിയതോടെയാണ് പ്രശ്നം വീണ്ടും സങ്കീർണമായത്. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം പായയിൽ കെട്ടി അടക്കിയതാകാമെന്ന പൊലീസിന്റെ കണ്ടെത്തലിനെ ബന്ധുക്കൾ നിഷേധിച്ചു.