ഒഴുക്കിൽപെട്ട് ആറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിപ്പോയിട്ടും രക്ഷപ്പെട്ട സ്ത്രീ, വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

പുത്തൂര്‍: കൊല്ലം കല്ലടയാറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടംനേടിയ 62 -കാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍. പുത്തൂര്‍ കുളക്കടക്കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മ ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെയാണ് മരണവിവരം പുറത്തറിയുന്നത്.രാവിലെ കടയിലേക്ക് പോയ മകൻ മനോജ്കുമാര്‍ തിരികെ വന്നപ്പോഴാണ് വീട്ടിലെ അടുക്കളയോടു ചേര്‍ന്ന മുറിയില്‍ ശ്യാമളയമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.നാട്ടുകാര്‍ ചേർന്ന് ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മരിച്ച ശ്യാമളയുടെ ഭർത്താവ് ഗോപിനാഥന്‍ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ്. കഴിഞ്ഞ ദിവസം രാവിലെ ഭർത്താവ് ജോലിക്കായി പോയപ്പോഴാണ് സ്ത്രീ ജീവനൊടുക്കിയതെന്നാണ് കരുതുന്നത്.

സംഭവം അറിഞ്ഞെത്തിയ വാർഡ് അംഗത്തിന്റെ നേതൃത്വത്തിലാണ് ശ്യാമളയെ ആശുപത്രിയില്‍ എത്തിച്ചത്.പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മേയ് 28-ന് രാവിലെയാണ് ശ്യാമള വീടിനു സമീപത്തെ കടവിൽനിന്ന്‌ കല്ലടയാറ്റിൽ ഒഴുക്കിൽപ്പെടുന്നത്. സ്ത്രീ ഒഴുകി പോകുന്ന വീഡിയോയും വാർത്തകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മഴകാരണം വെള്ളമുയര്‍ന്ന നദിയിലൂടെ ഒഴുകി ചെറുപൊയ്ക മംഗലശ്ശേരി കടവിനു സമീപത്ത് എത്തിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അവരെ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.