തിരുവനന്തപുരം: അനാവശ്യമായി രോഗികളെ മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളിൽ തന്നെ അതാത് തലങ്ങളിൽ നൽകേണ്ട ചികിത്സകൾ ലഭ്യമാക്കണം. രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേ മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ പാടുള്ളൂ എന്നും ആരോഗ്യവകുപ്പിന്റെ നിർദേശത്തിൽ പറയുന്നു.

പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ജില്ലാ ആശുപത്രികളിൽ വരെ വരുന്ന രോഗികളെ അവിടെത്തന്നെ പരമാവധി ചികിത്സിക്കണം. മതിയായ സൗകര്യമോ ഡോക്ടർമാരോ ഇല്ലെങ്കിൽ മാത്രമാണ് മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ പാടൂള്ളൂവെന്നും നിർദേശത്തിൽ പറയുന്നു. മെഡിക്കൽ കോളജുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിർദേശം.

























