തൃശ്ശൂര്‍: തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും സഹോദരനുമായ കെ. മുരളീധരന് വിജയിക്കുമെന്ന് കരുതുന്നില്ലെന്ന് പത്മജ വേണുഗോപാല്‍. തന്നെ വേണ്ട എന്നുപറഞ്ഞ സഹോദരനുവേണ്ടി താന്‍ എന്തിന് പ്രാര്‍ഥിക്കണമെന്നും പത്മജ ചോദിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.

ബി.ജെ.പി. പാര്‍ട്ടിയിലേക്ക് മാറിയശേഷമുള്ള ആദ്യവോട്ട് എന്ന പ്രത്യേകതയുണ്ട് ഇത്തവണ. എന്നെ സംബന്ധിച്ചിടത്തോളം അതൊരു വലിയ പ്രത്യേകതയാണ്. ഞാന്‍ ഏതു പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നോ അതിനുവേണ്ടിയാണ് എല്ലാക്കാലവും വോട്ട് ചെയ്തിട്ടുള്ളത്. അതിനെ എന്റെ അച്ഛന്‍പോലും ചോദ്യംചെയ്തിട്ടില്ല.


ചേട്ടനും അച്ഛനും അമ്മയുമൊക്കെ വീട്ടിലാണ്. പൊതുപ്രവര്‍ത്തനത്തില്‍ അതൊന്നും ബാധകമല്ല. ഇത് തിരഞ്ഞെടുപ്പാണ്. അതില്‍ ഒരാള്‍ ജയിക്കുമ്പോള്‍ മറ്റൊരാള്‍ തോല്ക്കണമല്ലോ. എന്റെ ജേഷ്ഠന് തോല്‍ക്കും എന്ന് ഞാന്‍ പറയില്ല. പക്ഷേ, സുരേഷ് ഗോപി വിയജിക്കും എന്ന് ഞാന്‍ നൂറുശതമാനം വിശ്വസിക്കുന്നു. അത്രയേ ഇപ്പോള്‍ പറയാന്‍ പറ്റൂ. എന്തെങ്കിലും ഉറപ്പിച്ചുപറയാന്‍, അല്ലെങ്കില്‍ പ്രവചിച്ച് പറയാന്‍ ഞാന്‍ ജ്യോത്സ്യം പഠിച്ചിട്ടില്ല.
തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് അനുകൂല തരംഗമുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നതെന്നും പത്മജ പറഞ്ഞു.























