പാലത്തായി പീഡനക്കേസ്: കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

തലശേരി: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകൻ കെ പത്മരാജനെ (49) സർവീസിൽ നിന്നും പിരിച്ചുവിട്ടു. ബിജെപി നേതാവ് കൂടിയായ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ കെ പത്മരാജനെ സർവീസിൽ നിന്ന് അടിയന്തിരമായി നീക്കാൻ സ്‌കൂൾ മാനേജർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പോക്‌സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ സേവനത്തിൽ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്‌കൂൾ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചത്.

പാലത്തായി പോക്‌സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകൻ പത്മരാജനെ സേവനത്തിൽ നിന്നും പിരിച്ചുവിട്ടുകൊണ്ട് സ്‌കൂൾ മാനേജർ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് വി ശിവൻകുട്ടി ഇക്കാര്യം അറിയിച്ചത്. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജൻ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എംടി ജലജ റാണിയാണ് കെ പത്മരാജന് മരണം വരെ തടവിന് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് ശിക്ഷ അനുവദിക്കണം എന്നാണ് വിധി.

2020 ജനുവരിയിലും ഫെബ്രുവരിയിലും മൂന്ന് തവണ പത്മരാജൻ പെൺകുട്ടിയെ ശുചിമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയിൽ നിന്നും പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നൽകിയ പരാതിയിൽ പാനൂർ പൊലീസ് 2020 മാർച്ച് 17 നാണ് കേസെടുത്തത്. പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽനിന്നാണ് ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റുചെയ്തത്.