പാലിയേക്കരയിൽ ടോൾ പിരിക്കാം; നിർണായക ഉത്തരവുമായി ഹൈക്കോടതി

തൃശ്ശൂര്‍: പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് അനുമതി നല്‍കി ഹൈക്കോടതി. ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം അംഗീകരിച്ചാണ് വ്യവസ്ഥകളോടെ ടോള്‍ പിരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് ഈടാക്കരുതെന്നും ദേശീയ പാതാ ഹൈക്കോടതിയോട് നിര്‍ദേശിച്ചു.

ദേശീയപാതയില്‍ സുരക്ഷാപ്രശ്നങ്ങള്‍ തുടരുകയാണെന്ന് തൃശൂർ ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. സര്‍വ്വീസ് റോഡ് പലയിടത്തും ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ടെന്നും ശബരിമല മണ്ഡലകാലത്തിനു മുന്‍പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കളക്ടർ ചൂണ്ടിക്കാട്ടി.

സ്ഥലം സന്ദര്‍ശിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ ദേശീയപാതാ അതോറിറ്റിക്ക് നല്‍കണമെന്ന് ജില്ലാ കളക്ടറോട് കോടതി ആവശ്യപ്പെട്ടിരുന്നു. പുതിയ റിപ്പോർട്ട് കളക്ടർ നാളെ കോടതിയിൽ സമർപ്പിക്കും. ആഗസ്റ്റ് 6 നാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് വിലക്കിക്കൊണ്ട് കോടതി ഉത്തരവിറക്കിയത്.