പൂപ്പാറയില്‍ വീട് നഷ്ടപ്പെട്ടവരെ ആറ് മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്ന് പഞ്ചായത്ത്

പൂപ്പാറ: ഇടുക്കി പൂപ്പാറയില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയതില്‍ വീട് നഷ്ടപ്പെട്ട 15 കുടുംബങ്ങളെ 6 മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍. കഴിഞ്ഞ ദിവസം നടന്ന ഒഴിപ്പിക്കലില്‍ 29 വീടുകളും മൂന്ന് ആരാധനാലയങ്ങളുമടക്കം 88 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. പുഴ പുറമ്പോക്കില്‍ അനധികൃതമായി നിര്‍മിച്ച ഈ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്നു 2023 ജനുവരിയിലെ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2024- ഫെബ്രുവരി 7ന് കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. അന്ന് കടകള്‍ പൂട്ടി സീല്‍ ചെയ്തിരുന്നെങ്കിലും വീടുകളിലെ താമസിക്കാരെ ഒഴിപ്പിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവിനെതിരെ കെട്ടിട ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവച്ചു. ഇതോടെയാണ് സ്വയം ഒഴിഞ്ഞു പോകാനുള്ള സാവകാശം നല്‍കിയത്.

കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് 29 വീടുകളും ഇന്നലെ ഒഴിപ്പിച്ച ശേഷം പൊളിച്ചു നീക്കിയത്. ഇതില്‍ സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവര്‍ക്കായി നിലവില്‍ താല്‍ക്കാലിക സൗകര്യങ്ങള്‍ ഒരുക്കിനല്‍കിട്ടുണ്ട്. എന്നാല്‍ തത്കാലിക സംവിധാനം ഒരുക്കിയിരിക്കുന്നത് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത കെട്ടിടത്തിലാണെന്നാണ് പരാതി. 17 കുടുംബങ്ങള്‍ക്കാണ് മറ്റൊരു സ്ഥലത്തും ഭൂമിയോ, വീടോ ഇല്ലാത്തത്. ഇതില്‍ 2 കുടുംബങ്ങള്‍ക്ക് നേരത്തെ ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചിരുന്നു. വീട് നിര്‍മാണം പൂര്‍ത്തിയായാല്‍ ഈ 2 കുടുംബങ്ങള്‍ക്കും അവിടേക്ക് മാറി താമസിക്കാം. ബാക്കിയുള്ള 15 കുടുംബങ്ങളെയും 6 മാസത്തിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്ന് ശാന്തന്‍പാറ പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.