കോഴിക്കോട് എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ, സുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട്: വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് ആണ് ചികിത്സിയിലുള്ളത്. സംഭവത്തിൽ അടുത്ത സുഹൃത്തായ വൈക്കിലശ്ശേരി സ്വദേശി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇരുവരും മദ്യപിക്കുന്നതിനിടെ മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിക്കുകയായിരുന്നു. ഇതിൽ വിഷം ചേർത്തിട്ടുണ്ടെന്ന് മഹേഷ് പറഞ്ഞിരുന്നുവെന്നും എന്നാൽ തമാശയാണെന്നാണ് കരുതിയതെന്നും നിധീഷ് പൊലീസിനോട് പറഞ്ഞു.

തൊട്ടടുത്ത ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നിധീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രണ്ട് ദിവസം കൊണ്ട് ആരോഗ്യം വഷളായി. സംഭവത്തിൽ മഹേഷിനെതിരെ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് സാഹചര്യത്തിലാണ് ബീഫിൽ എലിവിഷം ചേർത്തത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.