‘മുൻപത്തെക്കാൾ ശക്തമായി അവൾക്കൊപ്പം’; അതിജീവിതയെ ചേർത്തു പിടിച്ച് റിമ കല്ലിങ്കൽ

അതിജീവിതയ്ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് റിമ കല്ലിങ്കലും രമ്യ നമ്പീശനും. നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്ന പശ്ചാത്തലത്തിലാണ് റിമയുടെയും രമ്യയുടെയും പ്രതികരണം. കേസിൽ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയിരുന്നു. ‘അവൾക്കൊപ്പം’ എന്ന പോസ്റ്ററിന് ഒപ്പമായിരുന്നു റിമയുടെ പ്രതികരണം. ‘എല്ലായ്പ്പോഴും. മുൻപത്തെക്കാൾ ശക്തമായി’ എന്നാണ് റിമ കുറിച്ചത്. റിമ പങ്കുവച്ച ‘അവൾക്കൊപ്പം’ എന്ന ചിത്രമാണ് രമ്യ നമ്പീശനും ഷെയർ ചെയ്തത്. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് അനുകൂലമായ നിലപാട് എടുത്തതിന്റെ പേരിൽ കരിയറിൽ വലിയ തിരിച്ചടികൾ നേരിടേണ്ടി വന്നവരാണ് റിമയും രമ്യയും.

മലയാള ചലച്ചിത്രമേഖലയിൽ വനിതാ ചലച്ചിത്രപ്രവർത്തകർക്കായി ‘വിമൻ ഇൻ സിനിമ കലക്ടീവ്’ എന്ന പേരിൽ സംഘടന രൂപീകരിച്ചപ്പോൾ അതിനൊപ്പം ഇരുവരും നിന്നു. പലരും പരസ്യമായി നിലപാട് പ്രഖ്യാപിക്കാൻ മടിച്ചപ്പോഴാണ് അതിജീവിതയ്ക്കു വേണ്ടി റിമയും പാർവതി തിരുവോത്തും രമ്യ നമ്പീശനും അടക്കമുള്ള യുവനടിമാർ ശബ്ദമുയർത്തിയത്. എട്ടു വർഷത്തിനു ശേഷമാണ് കേസിൽ വിധി വന്നത്. കേസിൽ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നും അവർക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു. ശിക്ഷാവിധി 12 ന് പറയും. കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിഞ്ഞില്ലെന്നും കോടതി പറഞ്ഞു. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയത്.