ഉണ്ണികൃഷ്ണന്‍ പോറ്റി എസ്ഐടി കസ്റ്റഡിയിൽ; ഈ മാസം 30 വരെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് കസ്റ്റഡിയില്‍ വിട്ടത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കിയിട്ടുണ്ട്.

രഹസ്യമായായിരുന്നു കോടതി നടപടികൾ. മജിസ്‌ട്രേറ്റ്, പ്രതി, പ്രോസിക്യൂഷന്‍, പ്രതിഭാഗം അഭിഭാഷകന്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, കോടതിയിലെ പ്രധാന ജീവനക്കാര്‍ എന്നിവര്‍ മാത്രമാണ് കോടതിക്ക് അകത്തുണ്ടായത്. അഭിഭാഷകനായ ലെവിന്‍ തോമസാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. മാധ്യമ പ്രവര്‍ത്തകരോട് പുറത്തിറങ്ങാന്‍ നിര്‍ദേശമുണ്ടായിരുന്നു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് എത്തിയവരേയും കോടതിയില്‍ നിന്ന് മാറ്റിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമായിരുന്നു തീരുമാനം.

ഇന്നലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. സ്വർണക്കൊള്ളയെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഗൂഢാലോചനയിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിനും പങ്കുണ്ട്. പുറത്തു നിന്നും ആളെ എത്തിച്ച് സ്വർണ്ണം ഉരുക്കിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു.