സ്വർണം പൂശിയതിനെ കുറിച്ചറിയില്ല, തനിക്ക് തന്നത് ചെമ്പ് പാളി; ആരോപണങ്ങൾ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ ആരോപണങ്ങൾ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി. വാർത്തകൾക്ക് യാഥാർഥ്യവുമായി ബന്ധമില്ല. എല്ലാ ആരോപണങ്ങൾ മാത്രമാണ്. വിജിലൻസ് വിളിച്ചാൽ ചോദ്യം ചെയ്യലിന് ഹാജരാകും, പറയാനുള്ളത് കോടതിയിൽ പറയും എന്നും ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അറ്റകുറ്റപ്പണികൾക്കായി തനിക്ക് ലഭിച്ചത് ചെമ്പ് പാളികളാണ്. മഹസർ ഉൾപ്പെടെയുള്ള രേഖകളിൽ ഇത് വ്യക്തമാണ്. അതിന് മുൻപ് സ്വർണം പൂശിയതിനെ കുറിച്ച് അറിയില്ല.

അതിന് മുൻപ് സ്വർണം പൂശിയത് കാലഹരണപ്പെട്ടത് കൊണ്ടായിരിക്കാം ദേവസ്വം അങ്ങനെയൊരു തീരുമാനം എടുത്തത്. പാളികളിൽ സ്വർണം ഉണ്ടായിരുന്നോ എന്നും അറിയില്ല. ദ്വാരപാലകശിൽപങ്ങളുടെ പാളികൾ താൻ എടുത്തുകൊണ്ട് പോയതല്ല, ദേവസ്വം തന്നതാണെന്നും ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു.

ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി അറ്റകുറ്റപണിക്ക് കൊണ്ടുപോയപ്പോൾ കാലതാമസം ഉണ്ടായെന്ന ആരോപണവും ഉണ്ണികൃഷ്ണൻ പോറ്റി നിഷേധിച്ചു. ആരോപണങ്ങളിൽ പറയുന്ന വിധത്തിൽ 39 ദിവസങ്ങൾ ഒന്നും കാലതാമസം ഉണ്ടായിട്ടില്ല. ഒരാഴ്ചയോളം മാത്രമാണ് താമസം ഉണ്ടായത്.പാളികളിൽ അറ്റകുറ്റ പണി നിർദേശിച്ചിരുന്നു. അതാണ് കാലതാമസം വന്നത്. ഇത്തരം സാധനങ്ങൾ കൈമാറുമ്പോഴുള്ള നടപടിക്രമളുമായി ബന്ധപ്പെട്ട ബൈലോയെ കുറിച്ച് അറിയില്ല. കവാടങ്ങൾ പ്രദർശന വസ്തുവാക്കിയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.