ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണത്തിൽ സംസ്ഥാന കോൺഗ്രസ് നേതാക്കൾ കൈകാര്യം ചെയ്ത രീതിയോട് രാഹുൽ ഗാന്ധിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. സോണിയ ഗാന്ധിയുടെ പേര് ഉൾപ്പടെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ട സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ അതൃപ്തിയെന്നാണ് വിവരം. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ ദീർഘവീക്ഷണമില്ലാത്ത സമീപനമാണ് സോണിയ ഗാന്ധിയുടെ പേര് ഇതിലേക്ക് വലിച്ചിഴച്ചതെന്നും പ്രത്യാക്രമണം ശക്തമാക്കാൻ സിപിഎമ്മിന് അവസരം ഒരുക്കിയതെന്നുമാണ് രാഹുൽ ഗാന്ധി കരുതുന്നതെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.

സ്വർണക്കൊളളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിക്കും കോൺഗ്രസ് എംപിമാരായ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് രാഷ്ട്രീയ പോര് അതിന്റെ പാരമ്യത്തിൽ എത്തിയത്. ഈ ചിത്രങ്ങൾ ആയുധമാക്കി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കോൺഗ്രസ് നേതാക്കൾക്ക് അടുത്തബന്ധമുണ്ടെന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആരോപിക്കുകയും ചെയ്തു. എന്നാൽ ഈ ആരോപണത്തിൽ കഴമ്പില്ലെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ വാദം.


കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിലും ശബരിമല സ്വർണക്കൊള്ള വലിയ ചർച്ചയായിരുന്നു. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും, സോണിയയുടെ കൈയിൽ ഉണ്ണികൃഷ്ണൻ പോറ്റി കെട്ടിയ സ്വർണം ശബരിമലയിൽ നിന്ന് അപഹരിച്ച സ്വർണമാണെന്ന് മന്ത്രി വി ശിവൻ കുട്ടി ആരോപിച്ചിരുന്നു. മന്ത്രി എംബി രാജേഷും ഇത് സംബന്ധിച്ച് നിയമസഭയിൽ രൂക്ഷവിമർശനം ഉയർത്തി. കട്ടവനെയും കട്ടമുതൽ വാങ്ങിയവനെയും കാണാനാവുക ഒറ്റ ചിത്രത്തിലാണ്. അത് സോണിയ ഗാന്ധിയുടെ കൂടെയുള്ള ചിത്രത്തിലാണ്. ആ വസ്തുത കോൺഗ്രസിന് നിഷേധിക്കാനാവുമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.
സോണിയക്കെതിരായ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്പീക്കർ എഎൻ ഷംസീറിന് കത്ത് നൽകിയിരുന്നു.























