കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിനെ അവസാനമായി കാണാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ എത്തി. പറവൂരിലെ ടൗൺഹാളിലെ പൊതുദർശനത്തിനാണ് മുഖ്യമന്ത്രി എത്തിയത്. സലിം കുമാറിന്റെ മക്കളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. സലിംകുമാറുമായി ഏറ്റവും അടുപ്പമുള്ള രാഷ്ട്രീയക്കാരനായിരുന്നു സതീശൻ. അദ്ദേഹത്തിന്റെ പ്രചാരണ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു സലിംകുമാർ. സതീശൻ മുഖ്യമന്ത്രിയായ ശേഷം നാട്ടുകാർ നൽകിയ സ്വീകരണത്തിലാണ് സലിം കുമാർ അവസാനമായി പങ്കെടുത്ത പൊതുപരിപാടി. ഉറച്ച രാഷ്ട്രീയ ബോധവും കോൺഗ്രസ് ബോധവുമുള്ള വ്യക്തിയായിരുന്നു സലിം കുമാറെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

അവസാനം അടിയുറച്ച കോൺഗ്രസുകാരനായിരുന്നു. എന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നുവെന്ന് വി.ഡി. സതീശൻ. ഏത് സംഘർഷ സാഹചര്യത്തിലും സാധാരണ നിലയിലേക്ക് മടങ്ങിയെത്തിക്കാനുള്ള നർമബോധമുള്ളയാളായിരുന്നു സലിം കുമാർ. വീടുകളെ സന്തോഷ നിർഭരമാക്കുന്ന മുഖമായിരുന്നു അദ്ദേഹം. ഹാസ്യനടൻ മാത്രമല്ല, വലിയ നടൻ ആയിരുന്നുവെന്ന് ആദാമിൻറെ മകൻ അബു എന്ന സിനിമയിലൂടെ തെളിയിച്ചു. സാമുഹിക മാധ്യമങ്ങളിലെ തമാശകൾ സലിം കുമാറിൻറെ തമാശകളായിരുന്നു. അടൂർ ഭാസിയെയും ബഹദൂറിനെയും പോലെ മലയാളിക്ക് സലിം കുമാർ. സഹോദര തുല്യനായ ആളെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും സതീശൻ പറഞ്ഞു.

























