കോട്ടയത്ത് ഭാര്യമാതാവിനെ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ് ഇരുവരും മരിച്ചു

കോട്ടയം: പാലായിൽ ഭാര്യാമാതാവിനെ മരുമകൻ പെട്രോൾ ഒഴിച്ചു തീ കൊളുത്തി. പൊള്ളലേറ്റ് അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിർമ്മല (60), മരുമകൻ മനോജ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിർമ്മല വീട്ടിൽ ഇരിക്കുമ്പോഴാണ് മരുമകൻ മനോജ് എത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നത്.

തീ ആളിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടർന്നു. ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇരുവരും ഇന്നു രാവിലെയാണ് മരിച്ചത്. മുമ്പും മനോജ് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.